THEJAS DAILY

http://www.thejasnews.com/

കേന്ദ്ര ആഭ്യന്തരവകുപ്പിലെ ദേശീയോദ്ഗ്രഥന വിഭാഗം തേജസ് ദിനപത്രത്തെക്കുറിച്ചു ജാഗ്രവത്താവാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണത്രേ! ഒരുനിലയ്ക്ക് അതു സ്വാഗതാര്‍ഹമാണ്. ശ്രദ്ധിക്കപ്പെടാതെ മൂലയിലേക്കു വലിച്ചെറിയപ്പെടുന്ന പത്രമല്ല മറിച്ച്, സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന ഒന്നാണു തേജസ് എന്ന അറിവ് സന്തോഷജനകമാണ്. എന്നാല്‍, പത്രത്തിന്റെ വരികളിലൂടെ ഡല്‍ഹിയിലിരുന്നു നടത്തിയ നിരീക്ഷണങ്ങള്‍ക്കും കേരളസര്‍ക്കാരിനുള്ള മുന്നറിയിപ്പിനും എന്താണു പ്രകോപനം എന്നു പിടികിട്ടുന്നില്ല.


ഈ പത്രം സമുദായസൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തമാശയായിരിക്കാനേ തരമുള്ളൂ. തേജസിന് ഒരു സമുദായത്തോടും കടുകിട വിദ്വേഷമോ വിരോധമോ ഇല്ലാതിരിക്കെ, അതിന്റെ ഇതിനകം അച്ചടിമഷി പുരണ്ട അക്ഷരക്കൂട്ടത്തില്‍നിന്ന് ഒരു വരിപോലും പ്രസ്തുത ആരോപണത്തിനു ബലം നല്‍കാനായി ചൂണ്ടിക്കാണിക്കുക സാധ്യമല്ലെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹിതപാരമ്പര്യം മുറുകെപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഞങ്ങള്‍ക്ക് എങ്ങനെ മറിച്ചൊരു നിലപാട് സ്വീകരിക്കാനാവും? ഒറീസയില്‍ പാവപ്പെട്ട ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ സവര്‍ണഭീകരരാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഇരകളുടെ ദുരവസ്ഥ വായനക്കാരനു മുന്നിലെത്തിക്കാനാണു തേജസ് ശ്രമിച്ചത്. ഇതു സൗഹൃദം തകര്‍ക്കലാണോ? രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ആദിവാസികള്‍ക്കും ദലിതരടക്കമുള്ള മര്‍ദ്ദിതവിഭാഗങ്ങള്‍ക്കുമായി ഉറച്ചുനിന്നു പോരാടുന്നത് അവര്‍ മുസ്‌ലിംകളായതുകൊണ്ടല്ല; ചണ്ടിക്കൂമ്പാരങ്ങളായി മൂലധന-അധിനിവേശശക്തികളാല്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു പുറന്തള്ളപ്പെട്ടവരായതിനാലാണ്. തേജസിന്റെ പിന്നണിശക്തികള്‍ക്കു മാറാട് കലാപത്തില്‍ പങ്കുണെ്ടന്ന ചിലരുടെ കണെ്ടത്തലും ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. സംഭവം അന്വേഷിച്ച കമ്മീഷന്‍ അങ്ങനെയൊരു അസംബന്ധം പറഞ്ഞിട്ടില്ല. യു.എസും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ഉറ്റചങ്ങാത്തത്തെ ഞങ്ങള്‍ നിശിതമായി എതിര്‍ക്കുന്നുവെന്നതു നേരാണ്. അതു മേലിലും തുടരുമെന്ന് ഉറപ്പുനല്‍കുന്നു. വംശീയതയില്‍ ഊന്നിനില്‍ക്കുന്ന സയണിസ്റ്റ് രാഷ്ട്രം ലോകസമാധാനത്തിനു ഭീഷണിയാണ് എന്ന വസ്തുത അവസാനശ്വാസംവരെ വിളിച്ചുപറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.

പാന്‍ ഇസ്‌ലാമിസത്തെക്കുറിച്ച പരാമര്‍ശമാണു മറ്റൊന്ന്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ തീച്ചൂളയില്‍ രൂപപ്പെട്ട പാന്‍ ഇസ്‌ലാമിസം പടിഞ്ഞാറുള്ളവര്‍ക്കു പേടിസ്വപ്നമാണ് എന്നു കരുതി ഡല്‍ഹിയിലുള്ളവര്‍ എന്തിനു ഞെട്ടണം? സാധാരണക്കാരില്‍ സാധാരണക്കാരായ ഞങ്ങളുടെ പ്രവര്‍ത്തകരും വായനക്കാരും ഉള്ളിടത്തോളം നിലനില്‍പ്പിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു ബേജാറുമില്ല. വരുമാനസ്രോതസ്സിനെക്കുറിച്ച ഏതൊരു അന്വേഷണത്തെയും ആദ്യം സ്വാഗതം ചെയ്യുക തേജസായിരിക്കും. പേടിപ്പിക്കുന്ന വേല സര്‍, കൈയിലിരിക്കട്ടെ.