രാഷ്ട്രാന്തരീയ ഭീകരതയുടെ പ്രായോജകര്‍
നിഷ്ഠുര കൊലപാതകങ്ങള്‍ക്ക് ഭരണകൂടം നേരിട്ട് ഉത്തരവിട്ട് അവ നടപ്പാക്കാന്‍ വിദേശങ്ങളിലേക്ക് ഏജന്റുമാരെ അയക്കുന്നത് ഭീകരപ്രവര്‍ത്തനമാണെങ്കില്‍ ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഇസ്രായേലും അമേരിക്കയുമാണ്. നയതന്ത്രമര്യാദകള്‍ ചവിട്ടിയരച്ചാണ് മൊസാദും സി.ഐ.എയും ചില രാജ്യങ്ങളില്‍ ഓപറേഷനുകള്‍ നടത്തിവരുന്നത്. പശ്ചിമേഷ്യയിലെ ചട്ടമ്പിയെന്ന അപരനാമം പേറുന്ന ഇസ്രായേലിന്റെ ഇന്നോളമുള്ള പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ടുപങ്കുവഹിച്ചവരാണെന്നത് ഗവേഷണം നടത്തി കണ്ടെത്തേണ്ടതില്ല. യഷാക് റബിനും ഏരിയല്‍ ഷാരോണും ഷിമോണ്‍ പെരസും ഓല്‍മര്‍ട്ടും നെതന്യാഹുവും യഹൂദ് ബറാകുമൊക്കെ രക്തക്കറ പുരണ്ടവരാണ്. അധിനിവേശ ഭീകരതക്കെതിരെ പോരാടുന്ന ഫലസ്തീന്‍പോരാളികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ്ഭരണകൂടങ്ങള്‍ ചെറുത്തുനില്‍പ്പ്രസ്ഥാനങ്ങളുടെ നേതാക്കളെ വകവരുത്താന്‍ രാഷ്ട്രാന്തരീയ ചാരസംഘടനയായ മൊസാദിനെയും ആഭ്യന്തരശൃംഖലയായ ഷിന്‍ബെറ്റിനെയുമാണ് ഉപയോഗിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹമാസിന്റെ മുതിര്‍ന്ന കമാണ്ടര്‍മാരില്‍ ഒരാളായ മഹ്മൂദ് അല്‍മബ്ഹൂഹ് ഈയിടെ ദുബൈയില്‍ ഒരു ഹോട്ടല്‍മുറിയില്‍ വധിക്കപ്പെട്ട സംഭവം. കൊലക്കുപിന്നില്‍ മൊസാദാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ്വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് ദുബൈ പൊലീസ് മേധാവി വ്യക്തമാക്കിയിരിക്കുന്നത്.
നെതന്യാഹു പ്രധാനമന്ത്രി പദവും യഹൂദ് ബറാക് പ്രതിരോധവും ലിബര്‍മാന്‍ വിദേശകാര്യവും കൈയാളുന്ന ഒരു ഭരണകൂടം ലോകത്തിനു നല്‍കുന്ന സന്ദേശം വിശദീകരിക്കപ്പെടേണ്ടതില്ല. പ്രധാനമന്ത്രിപദവിയില്‍ ആദ്യമൂഴത്തില്‍തന്നെ മറ്റൊരു രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി കൈയോടെ പിടിക്കപ്പെട്ടയാളാണ് നെതന്യാഹു. ഹമാസ്നേതാവ് ഖാലിദ് മിശ്അലിനെ വധിക്കാന്‍ 1997 സെപ്റ്റംബര്‍ 25ന് ജോര്‍ദാനില്‍ മൊസാദ് ഏജന്റുമാരെത്തിയത് നെതന്യാഹുവിന്റെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചായിരുന്നു. വിനോദസഞ്ചാരികള്‍ എന്ന വ്യാജേന കനേഡിയന്‍ പാസ്പോര്‍ട്ടുമായി അമ്മാനിലെത്തിയ ഇവര്‍ മിശ്അലിന്റെ ചെവിയിലേക്ക് വിഷദ്രാവകം സ്പ്രേ ചെയ്ത് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അംഗരക്ഷകിലൊരാള്‍ പിന്തുടര്‍ന്ന് ജോര്‍ദാന്‍ പൊലീസിന്റെ സഹായത്താല്‍ കീഴടക്കി. ഷോണ്‍ കെന്‍ഡാല്‍ (28), ബാരി ബെഡ്സ് (36) എന്നീ പേരുകളിലുള്ള കനേഡിയന്‍ പാസ്പോര്‍ട്ടുകള്‍ ഇവരില്‍നിന്ന് പിടിച്ചെടുക്കുകയുണ്ടായി (തന്റെ കാലത്ത് ധാരാളം കനേഡിയന്‍ പാസ്പോര്‍ട്ടുകള്‍ ഓപറേഷനുകള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്ന് മൊസാദിന്റെ മുന്‍ ഏജന്റ് വിക്ടര്‍ ഓസ്ട്രോസ്കി സമ്മതിക്കുകയുണ്ടായി. 1974ല്‍ വിയന്നയിലെ കനേഡിയന്‍ എംബസിയില്‍നിന്ന് അമ്പതോളം പുതിയ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു. ഇതുമുഴുവന്‍ മൊസാദ് ഏജന്റുമാരുടെ കൈകളിലാണെത്തിയത്). 48 മണിക്കൂറിനകം മരണം സംഭവിക്കാന്‍ സാധ്യതയുള്ള വിഷ ദ്രാവകമാണ് മിശ്അലിനുനേരെ പ്രയോഗിച്ചത്. വിഷം നിര്‍വീര്യമാക്കുന്ന മരുന്ന് ഉടന്‍ എത്തിച്ചില്ലെങ്കില്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് സംഭവത്തില്‍ ഇടപെട്ട ജോര്‍ദാനിലെ ഹുസൈന്‍രാജാവ് മുന്നറിയിപ്പ് നല്‍കി. ജോര്‍ദാന്‍^ഇസ്രായേല്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അമേരിക്കന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സമ്മര്‍ദം കൂടിയായപ്പോള്‍ മരുന്ന് കൈമാറാന്‍ നെതന്യാഹു നിര്‍ബന്ധിതനായി. ഹുസൈന്‍രാജാവിന്റെ ഇടപെടലിലൂടെ മിശ്അലിന്റെ ജീവന്‍ തിരിച്ചുകിട്ടുക മാത്രമല്ല, ഇസ്രായേലിജയിലില്‍ കഴിയുകയായിരുന്ന ഹമാസ് സ്ഥാപകനേതാവ് ശൈഖ് അഹ്മദ് യാസീന്റെയും 19 സഹപ്രവര്‍ത്തകരുടെയും മോചനം സാധ്യമാവുകയും ചെയ്തു.
ഏരിയല്‍ ഷാരോണ്‍ പ്രധാനമന്ത്രിയായപ്പോള്‍ ശൈഖ് യാസീനെയും രണ്ടാമന്‍ ഡോ. അബ്ദുല്‍അസീസ് റന്‍തീസിയെയും വധിച്ചു. ശൈഖ് യാസീന്റെ പ്രഭാതനമസ്കാരം ഗസ്സയിലെ അല്‍ മുജമ്മ പള്ളിയിലാണെന്ന് മനസ്സിലാക്കിയ സൈനികനേതൃത്വം 2004 മാര്‍ച്ച് 22 തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് പൈലറ്റില്ലാത്ത ചെറുവിമാനം അദ്ദേഹം വീട്ടില്‍നിന്ന് പള്ളിയിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ സൈനികകണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിക്കൊണ്ടിരുന്നു. ശൈഖ്യാസീന്‍ പള്ളിയില്‍നിന്ന് പുറത്തുകടന്നതോടെ ആളില്ലാ വിമാനത്തില്‍നിന്ന് ലേസര്‍രശ്മികള്‍ പ്രവഹിക്കാന്‍ തുടങ്ങി. വെളിച്ചം ലക്ഷ്യസ്ഥാനത്ത് പതിച്ചതോടെ അമേരിക്കന്‍നിര്‍മിത അപാച്ചെ കോപ്റ്ററില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ ശൈഖിന്റെ നേരെ തൊടുത്തുവിടുകയായിരുന്നു. ശൈഖ്യാസീനും അദ്ദേഹത്തിന്റെ മരുമകനും ഉള്‍പ്പെടെ എട്ടുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. ഡോ.റന്‍തീസിയെ വധിക്കാന്‍ 2003 ജൂണില്‍ ഇസ്രായേല്‍ രണ്ട് മിസൈലുകള്‍ അയച്ചെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം അവര്‍ കൃത്യം നടപ്പാക്കി. ഗസ്സക്കു വടക്ക് അല്‍ ജലാല സ്ട്രീറ്റില്‍ 2004 ഏപ്രില്‍ 17നാണ് റന്‍തീസിക്കുനേരെ മിസൈലാക്രമണമുണ്ടായത്. കോപ്റ്ററില്‍നിന്ന് രണ്ടു റോക്കറ്റുകള്‍ കൃത്യമായി അദ്ദേഹത്തിന്റെ വാഹനത്തില്‍ പതിച്ചു. ഇരുപത്തഞ്ചു ദിവസത്തിനിടയില്‍ ഹമാസിന്റെ രണ്ട് പരമോന്നത നേതാക്കളെ തന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വധിച്ചതെന്ന്, 1982ല്‍ ലബനാനിലെ സബ്ര, ശാത്തില അഭയാര്‍ഥി ക്യാമ്പുകളില്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഫലസ്തീനികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയും നേരില്‍ കണ്ടാസ്വദിക്കുകയും ചെയ്ത ഷാരോണ്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. റന്‍തീസിയെ വധിക്കാന്‍ മൊസാദ് നീക്കങ്ങള്‍ നടത്തുന്നതായി പാരീസ്സന്ദര്‍ശനത്തിനിടയില്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വൃത്തങ്ങളില്‍നിന്ന് ഗസ്സയിലെ സുരക്ഷാ മേധാവിയും ഫതഹ് നേതാവുമായ മുഹമ്മദ് ദഹ്ലാന് വിവരം ലഭിക്കുകയും അദ്ദേഹം അത് ഹമാസ് നേതാവിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റന്‍തീസി കാര്യമാക്കിയില്ല. രണ്ടാഴ്ചക്കുശേഷം അദ്ദേഹം വധിക്കപ്പെട്ടു. മൊബൈല്‍ഫോണില്‍ നിക്ഷേപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് ഹമാസിന്റെ ചാവേര്‍വിദഗ്ധന്‍ യഹ്യ അയ്യാശിനെ വധിച്ചത്. 1978ല്‍ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി) എന്ന സംഘടനയുടെ കമാന്‍ഡറെ കിഴക്കന്‍ജര്‍മനിയില്‍ മൊസാദ് ഏജന്റുമാര്‍ വധിച്ചത് വിഷം ചേര്‍ത്ത ചോക്ലേറ്റ് നല്‍കിയായിരുന്നു.
1972ലെ മ്യൂണിക് ഒളിംപിക്സിനോടനുബന്ധിച്ച് പി.എല്‍.ഒ നടത്തിയ ഓപറേഷനില്‍ 11 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ഫലസ്തീന്‍നേതാക്കളെ മൊസാദ് വധിച്ചത് പാരീസ്, നിക്കോഷ്യ, ബൈറൂത്ത്, ഏതന്‍സ് തുടങ്ങിയ ലോകനഗരങ്ങളില്‍ നടത്തിയ ഓപറേഷനുകളിലൂടെയാണ്. അബൂജിഹാദ് എന്നറിയപ്പെടുന്ന പി.എല്‍.ഒയുടെ രണ്ടാം കമാന്‍ഡര്‍ ഖലീല്‍ വാസിറിനെ തൂനിസിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇരച്ചുകയറി വധിച്ച മൊസാദ് ഏജന്റുമാര്‍ കടല്‍മാര്‍ഗം രക്ഷപ്പെട്ടു. അബൂജിഹാദ് സംഭവത്തില്‍ മൊസാദ് സംഘത്തിലുണ്ടായിരുന്ന ഇപ്പോഴത്തെ പ്രതിരോധമന്ത്രി യഹൂദ് ബറാക് ബൈറൂത്തില്‍ നടന്ന മറ്റൊരു ഓപറേഷനില്‍ സ്ത്രീവേഷത്തിലാണ് പങ്കെടുത്തത്. 2008ല്‍ ഹിസ്ബുല്ല കമാണ്ടര്‍ ഇമാദ് മുഗ്നിയയെ ദമാസ്കസില്‍ കാര്‍ ബോംബ് സ്ഫോടനത്തിലും രണ്ട് ഹമാസ് അംഗങ്ങളെ ലബനാനില്‍ ബോംബിങ്ങിലും വധിച്ച മൊസാദിന്റെ ഓപറേഷന്‍ തെഹ്റാനിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നാണ് ഇറാനിയന്‍ ക്വാണ്ടം ഫിസിസ്റ്റിന്റെ വധം നല്‍കുന്ന സൂചന.
1989ല്‍ രണ്ട് ഇസ്രായേല്‍ഭടന്മാരെ ഹമാസ് സൈനികവിഭാഗം പിടികൂടി വധിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയ മഹ്മൂദ് അല്‍ മബ്ഹൂഹിനെ വധിക്കാന്‍ മൊസാദ് ഏറെനാളായി കരുക്കള്‍ നീക്കുകയായിരുന്നു. ആറു മാസം മുമ്പ് ബൈറൂത്തില്‍ അദ്ദേഹത്തെ വിഷംനല്‍കി വധിക്കാനുള്ള പദ്ധതി പാളിപ്പോയതിനെതുടര്‍ന്നാണ് ദുബൈ ഓപറേഷനെന്നാണ് സംശയം. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലെങ്കിലും, പി.എല്‍.ഒയെ അല്‍ഖാഇദയോട് ഉപമിച്ച തീവ്രവലതുപക്ഷക്കാരനായ ഇസ്രായേലി മന്ത്രി യൂസി ലാന്‍ഡോക്ക് ഈയിടെ യു.എ.ഇ ആതിഥ്യമരുളിയിരുന്നു. സൌഹൃദ ബന്ധമുള്ളപ്പോഴാണല്ലോ ജോര്‍ദാന്‍രാജാവിനെ പരിഹാസ്യമാക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ മണ്ണില്‍ നെതന്യാഹു ഭീകരപ്രവര്‍ത്തനം നടത്തിയത്. വിദേശമണ്ണ് നീചകൃത്യം ചെയ്യാന്‍ മറയാക്കുന്ന മൊസാദിന്റെയും സി.ഐ.എയുടെയും പിന്നിലുള്ളത് വ്യവസ്ഥാപിത ഭരണകൂടങ്ങളാണ്. ഇവരാണ് ഭീകരതയെ നിര്‍വചിക്കുന്നതും ഭീകരത സ്പോണ്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ചില രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നതും.
പി.കെ. നിയാസ്
NCHRO demands disciplinary action against SP of Pakur
-
Press Release
Police Harassment on Human Rights Activist in Ranchi
NCHRO demands disciplinary action against SP of Pakur
New Delhi, August15: National C...
8 years ago

